രണ്ട് കോവിഡ് വാക്‌സിനുകൾക്ക് ഇന്ത്യയില്‍ അനുമതി: ഡി.സി.ജി.ഐ അനുമതി അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന്

    ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ രണ്ട് കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ) അനുമതി നല്‍കി. ഓക്‌സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ്അനുമതി നല്‍കിയിരിക്കുന്നത്.

    കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്‌പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.) കോവാക്സിന്‍ ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.  സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശകള്‍  ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിക്കുകയായിരുന്നു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാകും.

    കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്‌നിക്-അഞ്ച് എന്നീ വാക്സിനുകളും അനുമതി തേടിയിട്ടുണ്ട്. ഇതിനിടെ കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഇന്നലെ വിദഗ്ധ സമിതി നല്‍കിയിരുന്നു.