നാലുതവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുത്; മുതിർന്ന നേതാക്കൾക്ക് 10 % സീറ്റ് മതി

    പാലക്കാട്: അനിവാര്യമായ പ്രധാനപ്പെട്ട നേതാക്കളൊഴിച്ച് നാലുതവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. മലമ്പുഴ ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരം തോൽവിക്കാർക്ക് വീണ്ടും അവസരം കൊടുക്കരുതെന്നും മുതിർന്ന നേതാക്കൾക്ക് 10 ശതമാനം സീറ്റ് മതിയെന്നും പ്രമേയത്തിൽ പറയുന്നു.

    കെപിസിസിക്ക് 20 നിർദ്ദേശങ്ങളുമായാണ് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം നാടക കളരിയിലെ അഭിനേതാക്കളെ തന്നെയാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത് എങ്കിൽ യൂത്ത് കോൺഗ്രസിന് സ്ഥാനാർഥികളെ സ്വന്തം നിലയിൽ പ്രഖ്യാപിക്കേണ്ടിവരുമെന്ന് നേതൃത്വത്തെ സംസ്ഥാന കമ്മിറ്റി ഓർമിപ്പിക്കുന്നു.

    10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി, 50 വയസിന് താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം, തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്‌.യു. നേതാക്കളെ രംഗത്തിറക്കി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ കെ.പി.സി.സിക്ക് മുന്നില്‍ വെക്കുന്നത്.