വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കടയില്‍ ഓഫ് കാമ്പസ് തുടങ്ങി

തിരുവനന്തപുരം: ഗ്രാമപ്രദേശത്തു നിന്ന് പ്രതിഭകളെ കണ്ടെത്തി അവരെ സിവില്‍ സര്‍വീസ് മേഖലയിലെ മികച്ച സാന്നിധ്യങ്ങളായി വളര്‍ത്തിയെടുക്കാന്‍ വേദിക് ഐ.എ.എസ്. അക്കാദമിക്ക് സാധിക്കുമെന്ന് ശ്രീ.ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു. നാട്ടിന്‍പുറത്ത് ഒരുപാട് പ്രതിഭകള്‍ ഉണ്ടെങ്കിലും അവരുടെയുള്ളിലെ കഴിവുകള്‍ അപകര്‍ഷതയുടെ ചാരംകൊണ്ട്  മൂടിക്കിടക്കുകയാണ്. ഈ അപകര്‍ഷതയില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ശ്രീ സതീഷ് പറഞ്ഞു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ വേദിക് ഐ.എ.എസ്. അക്കാദമിയുടെ കാട്ടാക്കട ഓഫ് കാമ്പസിന്‍റെ ഉദ്ഘാടനം കാട്ടാക്കട ചര്‍ച്ച് റോഡിലെ മാനസ ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ സിവില്‍സര്‍വീസ് പരീക്ഷയില്‍ കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് രണ്ട് റാങ്കുകാരുണ്ടായിരുന്നു. വേദിക് അക്കാദമിയിലൂടെ ഇനിയും ഒരുപാടു പേര്‍ക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നുവരാം. ഗ്രാമീണ മേഖലയില്‍ നിന്ന് മുന്നോട്ടു കടന്നുവരാന്‍ സാധിക്കുമെന്നുള്ള ആത്മവിശ്വാസം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് പ്രധാനമെന്നും ശ്രീ സതീഷ് അഭിപ്രായപ്പെട്ടു.

പഠിക്കാന്‍ സാമര്‍ത്ഥ്യമുണ്‍ണ്ടായിട്ടും പരിമിതമായ സാമ്പത്തികശേഷികാരണം ഉന്നത വിദ്യാഭ്യാസം സാധ്യമാകാത്ത ഒട്ടേറെ വിദ്യാര്‍ഥികള്‍ കാട്ടാക്കട പ്രദേശത്തുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മുന്‍ നിയമസഭാ സ്പീക്കര്‍ ശ്രീ.എന്‍.ശക്തന്‍ പറഞ്ഞു. ഈ ഗ്രാമീണമേഖല കേന്ദ്രമാക്കി ഒരു ഐ.എ.എസ് പരിശീലന സ്ഥാപനം തുടങ്ങുന്നത് ഇവിടത്തെ സാധാരണക്കാരായ വിദ്യാര്‍ഥികളെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ്വൈസ് പ്രസിഡന്‍റും വിഷന്‍ റസ്ക്യൂ ഫൗണ്ടറുമായ റവ.ബിജു തമ്പി അനുഗ്രഹ പ്രഭാഷണം നടത്തി. വേദിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് ശ്രീ.സൈമണ്‍ തരകന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ സതീന്ദ്രന്‍ കാട്ടാക്കട, ക്വയറിഥം  എല്‍.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റി ഫൗണ്ടര്‍ സെക്രട്ടറി ശ്രീ.പി.കെ.പ്രജിത്ത്, കാട്ടാക്കട വിശ്വദീപ്തി ഇ.എം. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.എ.യേശുദാസന്‍, കാട്ടാക്കട സി.എസ്.ഐ. സ്കൂള്‍ മാനേജര്‍ സത്യജോസ്, സെന്‍റര്‍ ഡയറക്ടര്‍ ശ്രീ.മനോജ് ടി.കുര്യന്‍, അസോസിയേറ്റ്  ഡയറക്ടര്‍ ശ്രീ.റോബിന്‍ ജൂലിയസ് എന്നിവര്‍ സംസാരിച്ചു.

വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കട ഓഫ് കാമ്പസിലെ ആദ്യ വിദ്യാര്‍ഥിയായി ട്രാന്‍സ്ജെന്‍ഡര്‍ അക്കു പ്രവേശനം നേടി. യംഗ് പീപ്പിള്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ (വൈ.പി.സി.എ.) സ്പോണ്‍സര്‍ ചെയ്യുന്ന വേദിക് എറുടൈറ്റ് സ്കോളര്‍ഷിപ്പിനാണ് അക്കാദമിയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയായ അക്കു അര്‍ഹയായത്.

സംസ്ഥാനത്തെ എല്ലാവിദ്യാഭ്യാസ ജില്ലകളിലും ഓഫ് കാമ്പസ് ഉള്ള വേദിക് ഐ.എ.എസ്. അക്കാദമിയുടെ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കാമ്പസാണ് കാട്ടാക്കടയിലേത്. നിലവില്‍ നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. 14 രാജ്യങ്ങളില്‍ ഐ.എ.എസ്. പരിശീലന സ്ഥാപനങ്ങളുള്ള വേദിക് അക്കാദമിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 124 ഓഫ് കാമ്പസുകളുണ്ട്.