കൊല്ലത്ത് റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട് മരിച്ച കുഞ്ഞിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ അംശം

    കൊല്ലം:  റബര്‍ തോട്ടത്തിലെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് മരിച്ച നവജാതശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു മനസിലായത്.

    കുട്ടിയുടെ മൃതശരീരം തല്‍ക്കാലം  മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

    കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിലവില്‍ എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗര്‍ഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയിലാണു ചൊവ്വാഴ്ച രാവിലെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.