സോളാർ സമരം; തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനുമെതിരായ കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: സോളാർ വിവാദത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന്റെ പേരിൽ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കേസ് സർക്കാരിന്റെ അപേക്ഷയിൽ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേ‍ട്ട് കോടതിയുടേതാണ് ഉത്തരവ്.

മുൻ എംഎൽഎ ജമീല പ്രകാശം, മുൻ മന്ത്രി എം.വിജയകുമാർ എന്നിവരും ഈ കേസിൽ പ്രതികളായിരുന്നു. 2013 ഡിസംബർ 12 ന് പ്രതികളുടെ നേതൃത്വത്തിൽ ഇരുന്നൂറോളം എൽഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് ഭാഗത്തു നിന്നു ക്ലിഫ് ഹൗസ് വരെ നടത്തിയ മാർച്ച് ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടിന്റെ പേരിലായിരുന്നു കേസ്. 7 വർഷം മുൻപുണ്ടായ സംഭവം ഇപ്പോൾ അപ്രസ‍ക്തമാണെന്നു ചൂണ്ടിക്കാട്ടിയും പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൊലീസ് നടത്തിയില്ലെന്ന് ആരോപിച്ചുമാണു കേസ് അവസാനിപ്പിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണു കോടതി ഉത്തരവ്.