കൊച്ചി∙ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനീ വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. അയ്യപ്പന്റെ വീട്ടിലെ മേൽവിലാസത്തിലേക്കാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് നിയമസഭയിലെ ഓഫീസ് വിലാസത്തിലായിരുന്നു.
ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. ആദ്യം നോട്ടിസ് കിട്ടിയിട്ടില്ലെന്നും പിന്നീട് നിയമസഭ ചേരുന്നതിനാൽ തിരക്കുണ്ടെന്നും ചൂണ്ടിക്കാട്ടി അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പന്റെ വീട്ടുവിലാസത്തിൽ കസ്റ്റംസ് നോട്ടിസ് അയച്ചത്.
അതേസമയം കസ്റ്റംസിന് ഒരാളെ ചോദ്യം ചെയ്യാൻ വിളിക്കാൻ അധികാരമുണ്ടെന്നും നിയമസഭാ പരിധിക്കുള്ളിൽ പൊലീസിനൊ, അന്വേഷണ ഉദ്യോഗസ്ഥർക്കൊ പ്രവേശിക്കണമെങ്കിൽ മാത്രമേ സ്പീക്കറുടെ അനുമതി ആവശ്യമുള്ളൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. ഇതിനിടെ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
അതേ സമയം, ചോദ്യം ചെയ്യൽ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്നു വ്യക്തമാക്കുന്നതാണ് കസ്റ്റംസ് നടപടി. വീട്ടിലേയ്ക്ക് നോട്ടീസ് അയച്ച് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല എന്ന് കസ്റ്റംസും വ്യക്തമാക്കുന്നു.