ലോണ്‍ ആപ്പ് തട്ടിപ്പ്: ഐ.ടി കമ്പനി ഉടമകള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച് നടന്ന ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഐ.ടി കമ്പനി ഉടമകള്‍ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു.  അസാക്കസ് ടെക്‌നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ് കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്പനി ടെറിഷറി സെയില്‍സ് മാനേജര്‍ സിജാഹുദ്ദീന്‍ , വിതരണക്കാരന്‍ ജഗദീഷ് എന്നിവരെ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

രണ്ട് ഇന്ത്യക്കാരുടെ സഹായത്തോടെ ചൈനീസ് പൗരന്മാരാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രൂ കിൻഡിൽ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കോൾ സെന്ററിന്റെ ഉടമ ചൈനീസ് പൗരനാണെന്നും പൊലീസ് പറയുന്നു. ചൈനീസ് പൗരന്‍മാരായ 3 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ചിലര്‍ രാജ്യം വിട്ടെന്ന് പോലീസിന് വിവരമുണ്ട്.

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു. തട്ടിപ്പിലൂടെ ശേഖരിച്ച പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന് വ്യക്തമായതോടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. മൂന്ന് ചൈനീസ് സ്വദേശികളടക്കം മുപ്പതിലധികം പേരാണ് ഇതുവരെ വിവിധ കേസുകളിലായി തെലങ്കാനയിലും കര്‍ണാടകത്തിലും ചെന്നൈയിലുമായി അറസ്റ്റിലായത്.

21000 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പല ആപ്പുകളുടെയും തലപ്പത്ത് ചൈനീസ് സ്വദേശികളാണെന്ന് തെലങ്കാന പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് കേന്ദ്ര ഏജന്‍സി വിഷയം പരിശോധിച്ചത്.

തട്ടിപ്പിലൂടെ ശേഖരിച്ച തുക ബിറ്റ് കോയിനില്‍ നിക്ഷേപിച്ച് രാജ്യത്തില്‍നിന്നും കടത്തിയെന്നും വ്യക്തമായതോടെ ഇഡി നടപടി തുടങ്ങി. തെലങ്കാനയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 37 കേസുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്.