ഗ്ലൗസും മാസ്കും, പോരാത്തതിന് കുടയും; പൊലീസിനെ വട്ടംചുറ്റിച്ച് സിസി ടിവിയിലും പതിയാതെ കള്ളൻ

സുൽത്താൻബത്തേരി : സിസി ടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ ‘കുട’ ചൂടി മോഷണത്തിന് ഇറങ്ങുന്ന കള്ളനെത്തേടി പൊലീസ്. ബത്തേരിയിലും സമീപ പൊലീസ് സ്റ്റേഷനുകളിലും സമാനരീതിയിലുള്ള മോഷണങ്ങൾ പതിവായിട്ടും കള്ളനെ പിടികൂടാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്.

പാൻറ്‌സും ഷർട്ടും ഷൂവുമൊക്കെ ധരിച്ചെത്തുന്ന കള്ളൻ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.  ഗ്ലൗസും മാസ്കുമിട്ടാണ് മോഷ്ടിക്കാനിറങ്ങുന്നത്. സി.സി.ടി.വി.യുള്ള സ്ഥലങ്ങളിലെത്തുമ്പോൾ കുട ചൂടി മറച്ചുപിടിക്കും. അതുകൊണ്ടു തന്നെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും കള്ളനെ തിരിച്ചറിയാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു.

ആറുമാസത്തിനിടെ സമാനരീതിയിലുള്ള അഞ്ചു മോഷണങ്ങളാണ് ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. നൂൽപ്പുഴ, അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം കേസുകളും പുല്പള്ളിയിൽ ഒരു കേസുമാണ് ഇതേരീതിയിൽ നടന്നിട്ടുള്ളത്.

നവംബർ 29-ന് ബത്തേരി നായ്ക്കട്ടിയിലെ മാളപ്പുരയിൽ അബ്ദുൾ സലാമിന്റെ വീട്ടിൽനിന്ന് 20.5 ലക്ഷം രൂപയും 17 പവൻ സ്വർണവും കവർന്നതാണ് ഈ കൂട്ടത്തിലെ ഏറ്റവുംവലിയ മോഷണം.

ഡിസംബർ 27-ന് അമ്മായിപ്പാലത്ത് തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിത്തുറന്ന് ആറരലക്ഷം രൂപയോളം കവർന്നതാണ് ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തത്. ആളില്ലാത്ത വീടുകളുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഒരേ സംഘമാകാം എല്ലാ മോഷണത്തിനും പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.