വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടു ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്

കോട്ടയം: വഴക്കു മൂത്തപ്പോൾ ഭർത്താവ് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു, ഗേറ്റ് വെൽഡ് ചെയ്തു. വീട്ടിൽ കുടുങ്ങിയ വീട്ടമ്മ പഞ്ചായത്ത് അംഗത്തെ വിളിച്ചു. അതോടെ പൊലീസെത്തി മോചിപ്പിച്ചു. ഭർത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ വിവരം അറിയിച്ചു. തുടർന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. ഉടൻ പൊലീസെത്തി ജെസിയെ മോചിപ്പിച്ചു.

വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു. ഭർത്താവും മകനും വീടിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു രണ്ട് നിലയുള്ള വീട്ടിൽ ജെസി താഴത്തെ നിലയിലും ഭർത്താവും മകനും മുകൾ നിലയിലുമാണ് താമസം. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.