നടിയും ഡബ്ബിങ്‌ ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

പത്തനാപുരം(കൊല്ലം): നാടക-ചലച്ചിത്ര നടിയും ഗായികയും ഡബ്ബിങ്‌ ആർട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) പത്തനാപുരം ഗാന്ധിഭവനിൽ അന്തരിച്ചു. ഏറെ നാളുകളായി ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻറെയും ലക്ഷ്മിക്കുട്ടിയുടെയും മകളാണ്. രാധാമണി എന്നാണ് യഥാർഥ പേര്.

പതിനഞ്ചാം വയസ്സിൽ ആലപ്പി വിൻസെന്റിന്റെ ’കെടാവിളക്ക്’ എന്ന ചിത്രത്തിൽ ’’താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി’’ എന്ന ഗാനം പാടിയാണ് മലയാള സിനിമാരംഗത്തേക്കു കടന്നുവന്നത്.

തുടർന്ന് നിരവധി ചിത്രങ്ങൾക്കും നാടകങ്ങൾക്കും പാടി. എൻ.എൻ. പിള്ളയുടെ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സ് എന്നിവയിലും തുടർന്ന് കെ.പി.എ.സി.യിലും അഭിനയിച്ചു. ‌

തുറക്കാത്ത വാതിൽ, ഇന്നല്ലെങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകുകയും ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്ത ചിത്രങ്ങളും ഇതിൽപ്പെടും. കെ.പി.എ.സി. ലളിതയുടെ നിർദേശപ്രകാരമാണ് ഏഴുവർഷം മുമ്പ് തങ്കം ഗാന്ധിഭവനിൽ എത്തിയത്.

കേരള സംഗീതനാടക അക്കാദമി 2018-ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു.

കേരള പോലീസിൽ എസ്.ഐ. ആയിരുന്ന പരേതനായ ശ്രീധരൻ തമ്പിയാണ് ഭർത്താവ്. മക്കൾ: സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി, പരേതയായ അമ്പിളി.