ഗൂഗിൾ മാപ്പ് കാട്ടിയ ‌വഴിയേ പോയ കാർ വീണത് അണക്കെട്ടിൽ; വ്യാപാരി മരിച്ചു

    മുംബൈ: ഗൂഗിൾ മാപ്പ് കാട്ടിയ വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിൽ അപകടമുണ്ടായത്.  പുണെ പിംപ്രി-ചിഞ്ച്‌വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് അണക്കെട്ടിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു.

    കാർ അണക്കെട്ടിൽ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മലയിലേക്ക് യാത്ര പോയതായിരുന്നു മൂവരും.

     

    ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്ര. കോട്ടുലിൽനിന്ന് അകൊലെയിലേക്ക് ഗൂഗിൾ കാട്ടിയ എളുപ്പവഴിയിയാണ് ഇവർക്ക് മരണക്കെണിയായത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര. അതേസമയം അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളൊന്നും ഈ റോഡിൽ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസ് പറഞ്ഞു.

    അപകടത്തിൽ മരിച്ച സതിഷ് ഗുലെയാണ് കാർ ഓടിച്ചിരുന്നത്.