കേരള ടൂറിസം മാതൃക പിന്തുടരാന്‍ മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശും കേരളവും തമ്മില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി കുമാരി.ഉഷാ താക്കൂറിന് കൈമാറി. ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്.

ടൂറിസം മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗ്രാമീണ മേഖലയുടെ വികസനത്തിനും ജനങ്ങളുടെ സാമൂഹികജീവിതവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുന്നതിനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിക്കും. പ്രാദേശിക മേഖലയിലെ ജനതയെക്കൂടി വികസനധാരയിലേക്കെത്തിക്കാന്‍ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണ്. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനൊപ്പം കേരളത്തിലെ സാമൂഹ്യവികസന മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കെത്തിക്കാനും ഇത് സഹായിക്കും. ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുമ്പോള്‍ കേരളത്തിന് മുന്നില്‍ മറ്റു മാതൃകകളില്ലായിരുന്നു. ഇപ്പോള്‍ കേരള ഉത്തരവാദിത്ത ടൂറിസത്തിനു കീഴില്‍ 20,000 ലേറെ യൂണിറ്റുകളിലായി ചെറുകിട സംരംഭകര്‍, കലാകാരന്‍മാര്‍, കരകൗശല വിദഗ്ധര്‍, പാരമ്പര്യ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, കര്‍ഷകര്‍ തുടങ്ങി ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ട്. നിപ്പ, പ്രളയം, കോവിഡ് 19 തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 2017 നു ശേഷം 35 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ സംസ്കാരവും സംസ്കൃതിയും ഏറെ മഹത്തരമാണെന്ന് മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി കുമാരി.ഉഷാ താക്കൂര്‍ പറഞ്ഞു. കേരളത്തിന്‍റെ ടൂറിസം മാതൃക പകര്‍ത്തുന്നതിനൊപ്പം മഹത്തായ സംസ്കാരത്തിന്‍റെ വിനിമയം കൂടിയാണ് സാധ്യമാക്കുന്നത്. പ്രാദേശിക ടൂറിസം മേഖലയെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം അനുകരണീയമായ മാതൃകയാണ്. ഇത് ഇനിയും ഏറെ അനുകരിക്കപ്പെടുമെന്ന് ഉറപ്പാണ്. കേരള മാതൃക പകര്‍ത്തുന്നതിനൊപ്പം മധ്യപ്രദേശിന്‍റെ സംസ്കാരിക, ടൂറിസം മേഖലയെ കേരളത്തിന് അടുത്തറിയാനും വിനിമയം ചെയ്യാനും കൂടി സാധിക്കുന്നതാണ് ഈ പദ്ധതിയെന്നും കുമാരി.ഉഷാ താക്കൂര്‍ പറഞ്ഞു.

പ്രാദേശികമായ ടൂറിസം വികസനത്തിനൊപ്പം ആ പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം കൂടിയാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. പ്രാദേശിക ടൂറിസം മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ആ പ്രദേശത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ പ്രത്യേകതകള്‍ പുറംലോകത്തേക്ക് വിനിമയം ചെയ്യാന്‍ ഉപകരിക്കുമെന്നും റാണി ജോര്‍ജ് പറഞ്ഞു. മധ്യപ്രദേശുമായി ധാരണപത്രം കൈമാറിയതിലൂടെ ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം പുതിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ പറഞ്ഞു.
കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മാതൃക പകര്‍ത്തുന്നതിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്കാകെ മധ്യപ്രദേശ് മാതൃകയാകുകയാണെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ രൂപേഷ് കുമാര്‍ പറഞ്ഞു.

കെ.ടി.ഡി.സി എം.ഡി ശ്രീ.കൃഷ്ണ തേജ, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണല്‍ മാനേജിംഗ് ഡയറക്ടറുമായ കുമാരി.സോണിയ മീണ, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ശ്രീ.മനോജ് കുമാര്‍ സിംഗ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.റീന കെ.എസ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ശ്രീ.ബേബി മാത്യു സോമതീരം, ഐ.എ.ടി.ഒ സീനിയര്‍ വൈസ് പ്രസിഡന്‍റ് ശ്രീ.ഇ.എം.നജീബ്, എന്നിവര്‍ സംബന്ധിച്ചു.

ഉത്തരവാദിത്ത ടൂറിസത്തില്‍ കേരളവുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ട് പഠിക്കാനും ധാരണാപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി കുമാരി. ഉഷാ താക്കൂറിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കേരളത്തില്‍ പര്യടനം നടത്തുന്നുണ്ട്. ജനുവരി 12 ന് ആരംഭിച്ച പര്യടനം ഏഴ് ദിവസം നീളും. മധ്യപ്രദേശ് സംഘത്തിന്‍റെ സന്ദര്‍ശനത്തിനു ശേഷം കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘവും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നുണ്ട്. മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ശ്രീ.മനോജ് കുമാര്‍ സിംഗ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ.രൂപേഷ് കുമാര്‍ എന്നിവരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.