അനുരാഗ് താക്കൂര്‍ ബി.സി.സി.ഐയ്ക്ക് പുറത്ത്

അധ്യക്ഷസ്ഥാനത്ത് നിന്ന് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. 

ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് അനുരാഗ് താക്കൂറിനെ പുറത്താക്കിയിരിക്കുന്നത്. ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി അജത് ഷിര്‍ക്കയെയും പുറത്താക്കിയിട്ടുണ്ട്. പുതിയ ഭാരവാഹികളെ നിര്‍ദ്ദേശിക്കാനും സുപ്രീംകോടതി ലോധ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

വ്യാജസത്യവാങ് മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി അനുരാഗ് താക്കൂറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താക്കൂറിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്.  ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും സ്ഥാനം ഒഴിയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.സി.സി.ഐയുടെ ഭരണത്തിനായി പ്രഗത്ഭരെ ഉള്‍പ്പെടുത്തി ഭരണസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാലി എസ്. നരിമാനെയും ഗോപാല്‍ സുബ്രഹ്മണ്യത്തെയും പുതിയ ഭരണസമിതിയെ നിര്‍ദ്ദേശിക്കാനുള്ള അമിക്കസ്‌ക്യൂറിയായി കോടതി നിയമിച്ചു. ഇന്നത്തെ വിധിയോടെ ആരും നിയമത്തിന് അതീതരല്ല എന്ന് തെളിഞ്ഞതായി ജസ്റ്റിസ് ലോധ പ്രതികരിച്ചു. ക്രിക്കറ്റിന്റെ നല്ല ദിവസമാണ് ഇതെന്നും ജസ്റ്റിസ് ലോധ പറഞ്ഞു. സുപ്രീംകോടതിയുടെ വിധിയോടെ ബി.സി.സി.ഐയിലെ 70 വയസ്സ് കഴിഞ്ഞ ഭാരവാഹികളും പുറത്തു പോവേണ്ടി വരും.