പ്രധാനമന്ത്രിക്കുവേണ്ടി വൈകിയാൽ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയ്ക്ക് ആലോചിക്കേണ്ടിവരും’ മന്ത്രി സുധാകരൻ

    ആലപ്പുഴ: ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നത് വൈകിയാല്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരരന്‍. ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

    “ബൈപ്പാസിന്റെ പണകളെല്ലാം പൂര്‍ത്തിയായി പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തുനില്‍ക്കുകയാണ്. പദ്ധതി ഉദ്ഘാടനം ചെയ്യാൻപ്രധാനമന്ത്രി താൽപര്യം അറിയിച്ചിരുന്നു എന്നാൽ രണ്ടുമാസമായി അറിയിപ്പ് ഒന്നുമില്ല. ഉദ്ഘാടന തീയതി സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്രമന്ത്രി നിതി‌ൻ ഗഡ്ഗരിക്ക് കഴിഞ്ഞ ദിവസം കത്തും അയച്ചിരുന്നു”. – മന്ത്രി പറഞ്ഞു.

    അതേസമയം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്‍റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ  മന്ത്രി ജി. സുധാകരൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വരുന്നതിന് മുൻപ് ബൈപ്പാസ് തുറക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ താൽപര്യം.. എന്നാല്‍ ഇക്കാര്യത്തില്‍ മനപൂര്‍വമായ വൈകിപ്പിക്കല്‍ ഉണ്ടെന്നാണ് മന്ത്രിയുടെ സംശയം. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടിവരുമെന്നാണ് മന്ത്രി പറയുന്നത്.