മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് പരിഗണിക്കും’; കത്തോലിക്ക സഭാ മേലധ്യക്ഷന്‍മാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: സഭാ തര്‍ക്കത്തില്‍ ഇടപെടല്‍ നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തി. സി ബി സി ഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെ സി ബി സി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായും സഭ അധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കര്‍ദിനാള്‍മാര്‍ വ്യക്തമാക്കി. സഭക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

കൂടിക്കാഴ്ച ക്രിയാത്മകവും സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്‍മാര്‍ പ്രതികരിച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന് കര്‍ദിനാള്‍മാര്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ലൗ ജിഹാദ് വിഷയം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ലെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു.
ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നുവെന്ന് പറഞ്ഞ കര്‍ദിനാള്‍മാര്‍ 83 കാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭാധ്യക്ഷന്‍മാര്‍ പറഞ്ഞു.

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കോവിഡ് സാഹചര്യം മാറിയാല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.