കെ.വി തോമസിനെ സ്വാഗതം ചെയ്ത് സിപിഎം; തീരുമാനം മറ്റന്നാൾ പ്രഖ്യാപിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിൽ അസംതൃപ്തനായ മുന്‍കേന്ദ്രമന്ത്രി കെ.വി. തോമസിനെ സ്വാഗതം ചെയ്ത് സി.പി.എം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് കെ.വി തോമസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.  കോൺഗ്രസ് വാഗ്ദാനം ചെയ്ത വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞ കെ.വി തോമസ് മറ്റന്നാള്‍ കൊച്ചിയില്‍ നിലപാട് പ്രഖ്യാപിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കെ.വി തോമസ് നേതൃത്വവുമായി ഇടഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ മുതല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ കെ വി തോമസിന് നല്‍കുമെന്ന് നേതൃത്വം പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റയും ചുമതല നല്‍കിയെങ്കിലും അദ്ദേഹം അത് വേണ്ടെന്നുവച്ചു .

ഇതിനിടെയാണ് കെ വി തോമസ് എല്‍ഡിഎഫുമായി അടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത് . ഇതിനിടെ കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ വിതോമസ്  മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ചയും നടത്തി.