വിമാനയാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ഹൃദയാഘാതം; അടിയന്തിര ലാന്‍ഡിംഗ് നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മുംബൈ: വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. യുപി സിദ്ധാര്‍ഥ് നഗര്‍ സ്വദേശിയായ ആയുഷി പുന്‍വാസി പ്രജാപതി എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. നേരത്തെ തന്നെ അസുഖബാധിതയായ കുട്ടിയെ ചികിത്സാര്‍ഥം മുംബൈയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു സംഭവം. ലക്‌നൗവില്‍ നിന്നും  ഗോഎയര്‍ ഫ്‌ലൈറ്റിലാണ് കുട്ടിയെ മുംബൈയിലേക്ക് കൊണ്ടു പോയത്. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ യാത്രാ മധ്യേ കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായതോടെ വിമാനം നാഗ്പൂരില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരാണ്  കുടുംബമെന്നാണ് റിപ്പോര്‍ട്ട്. രോഗാവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പോലും പിതാവിന് കഴിഞ്ഞിരുന്നില്ല. ഇതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

മരണപ്പെട്ട കുട്ടി അനീമിക് ആയിരുന്നു. ഇക്കാര്യം പിതാവ് പറഞ്ഞിരുന്നില്ല. സാധാരണയായി 8-10 നിലയില്‍ താഴെ ഹീമോഗ്ലോബിന്‍ ലെവല്‍ ഉള്ളവരെ വിമാനയാത്രയ്ക്ക് അനുവദിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2.5 ഗ്രാം ആയിരുന്നു കുട്ടിയുടെ ഹീമോഗ്ലോബിന്‍ ലെവല്‍. യാത്രയ്ക്കിടെ ആരോഗ്യനില വഷളാവുകയും വിമാന അടിയന്തിര ലാന്‍ഡിംഗ് നടത്തേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു.

നാഗ്പുര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ചെങ്കിലും തുടര്‍ന്ന് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കുട്ടി വളരെ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടര്‍മാരും പറയുന്നത്.