കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയേക്കും; ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയേക്കും. താല്‍ക്കാലികമായി സ്ഥാനമേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കെ.  സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താല്‍ക്കാലികമാണെങ്കില്‍ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ സുധാകരന് കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, ശശി തരൂര്‍, വിഎം സുധീരന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നില്ല. മുല്ലപ്പള്ളിക്ക് കോഴിക്കോടോ വയനാടോ ഒരു സീറ്റില്‍ മത്സരിക്കാനാണ് താത്പര്യം. ഇതില്‍ തന്നെ വയനാട് ജില്ലയിലെ കല്‍പ്പറ്റ സീറ്റില്‍ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് കൂടുതല്‍ താത്പര്യം. എന്നാല്‍ മുസ്ലിം ലീഗും കല്‍പ്പറ്റ സീറ്റില്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.