ക്രിസ്ത്യൻ വിഭാഗങ്ങളിലെ പിന്നാക്കാവസ്ഥ; ജെ.ബി.കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് അറിയിക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ സമിതിയുടെ ടേംസ് ഓഫ് റഫറൻസ് അറിയിക്കാൻ ഹൈക്കോടതി നിർദേശം. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ തുടങ്ങിയ രീതിയിൽ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കണം എന്നതുൾപ്പെടെ ആവശ്യങ്ങളുമായി പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്തു.

    ജെ.ബി. കോശി സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്നു സർക്കാർ എതിർ സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.

    ബന്ധപ്പെട്ട വിഭാഗങ്ങളുടെ ഏകദേശ ജനസംഖ്യ കണക്കാക്കിയാണ് 80:20 അനുപാതം എന്നും ഇത് ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്നും സർക്കാർ അറിയിച്ചു. രാഷ്ട്രീയ അവബോധത്തിൽ കേരളം മുന്നിലാണെങ്കിലും കേരളത്തിലെ മു‌സ്‌ലി‌ംകൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ യഥാർഥത്തിൽ മറ്റു സമുദായങ്ങളെക്കാൾ പിന്നിലാണ്. കേരളത്തിലെ മുസ്‌ലി‌ംകളുടെ വിദ്യാഭ്യാസ നിലവാരം ക്രിസ്ത്യാനികളെക്കാൾ ഏറെ താഴെയാണ്. പാലോളി മുഹമ്മദ് കുട്ടി സമിതി റിപ്പോർട്ടിനെ തുടർന്നു മുസ്‌ലിം വിഭാഗത്തിലെ വിദ്യാർഥിനികൾക്കു ബിരുദ, ബിരുദാനന്തര, പ്രഫഷനൽ പഠനത്തിനായി അയ്യായിരം സ്കോളർഷിപ്പുകൾ മാറ്റിവച്ചിരുന്നു. പിന്നീട് ഇതിന്റെ 20% ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ലഭ്യമാക്കിയെന്നു പൊതുഭരണ വിഭാഗം (ന്യൂനപക്ഷ ക്ഷേമ വകുപ്പ്) ഡപ്യൂട്ടി സെക്രട്ടറി മുഹമ്മദ് മുസ്തഫ സത്യവാങ്മൂലത്തിൽ പറയുന്നു.

    മുന്നാക്ക ജാതികളിലെ വിദ്യാർഥികൾക്ക് 13 വിദ്യാ സമുന്നതി സ്കോളർഷിപ് സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ക്രിസ്ത്യാനികൾ ഉൾപ്പെടെ മുന്നാക്ക ജാതികളിലെ വിദ്യാർഥികൾക്കായി പ്രതിവർഷം 9,33,92,000 രൂപയാണു സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. മുന്നാക്ക ജാതിയിലെ വിദ്യാർഥികൾക്കു മത്സര പരീക്ഷകളിൽ പരിശീലനം നൽകാൻ സാമ്പത്തിക സഹായം നൽകുന്നുണ്ട്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ച സച്ചാർ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക സ്കോളർഷിപ് പദ്ധതികളും മറ്റും മുസ്‌ലിം വിഭാഗത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു.