‘ഇനിയും മത്സരിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം; കെ.വി തോമസിനല്ല യുവാക്കൾക്കാണ് പ്രാധാന്യം നൽകേണ്ടത്’: എം.എം ലോറൻസ്

കൊച്ചി: കോൺഗ്രസുമായി കലഹിച്ച് നിൽക്കുന്ന കെ.വി തോമസിനെതിരെ വിമർശിച്ച്  മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. സി.പി.എമ്മിൽ ചേർന്നേക്കാമെന്ന അഭ്യൂഹങ്ങൾക്കിടയിൽ  തോമസിനെ ഇന്നലെ സി.പി.എം സ്വാഗതം ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് എം എം ലോറൻസിന്റെ വിമർശനം. കെ.വി തോമസിനല്ല യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും ലോറൻസ് പറഞ്ഞു.

“തോമസിന്റെ കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ വി തോമസ് ആലോചിക്കണം. കെ വി തോമസിനേക്കാൾ ജയസാദ്ധ്യതയുളള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്കാണ് പ്രാധാന്യം നൽകേണ്ടത്. ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ വി തോമസാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു ഡി എഫിനകത്ത് സമ്മർദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്”- എം.എം ലോറൻസ് പറഞ്ഞു.

കെ.വി തോമസുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തോമസ് എൽ ഡി എഫിലേക്ക് വന്നാൽ അത് പാർട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ലോറൻസ് പറഞ്ഞു.

പാർട്ടി വിട്ടേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ജനുവരി 23ന് കെ.വി തോമസ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം വിദങ്ങളോട് പ്രതികരിക്കുകയാണോ വാർത്താ സമ്മേളനത്തിന്റെ ലക്ഷ്യമെന്നു വ്യക്തമല്ല. ഇതിനിടെ കെ.വി തോമസിന്റെ വിലപേശലുകൾക്ക് വഴങ്ങിക്കൊടുക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വവും.