മറ്റു ചിലരായിരുന്നെങ്കിൽ ഡയസിലേക്ക് തള്ളിക്കയറി കസേര മറിച്ചിടുമായിരുന്നു’; സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

ചിത്രം കടപ്പാട്: ഹാരിസ് കുറ്റിപ്പുറം, മാധ്യമം

തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം എം. ഉമ്മര്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് ഉമ്മർ സ്പീക്കർക്കെതിരെ വിമർശനമുന്നയിച്ചത്. ഇതിനിടെ  പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപണവുമായി ഭരണപക്ഷവും രംഗത്തെത്തി. എന്നാൽ സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ നിലപാടെടുത്തു. ഏക ബിജെപി അംഗമായ ഒ രാജഗോപാലും പ്രമേയത്തെ അനുകൂലിച്ചു.

സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുള്ളതാണ്. പത്രങ്ങളില്‍ വന്നത് ശരിയല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പ്രമേയം കൊണ്ടുവരില്ലായിരുന്നു എന്നും എം ഉമ്മർ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും ഉമ്മർ പറഞ്ഞു.

പ്രമേയാവതരണത്തിനിടെ മന്ത്രി ജി സുധാകാരനും ഉമ്മറും തമ്മിലുള്ള വാക്പോരിനും സഭ സാക്ഷിയായി. ഡ്രാഫ്റ്റിങ്ങില്‍ പ്രശ്‌നമുണ്ടെന്ന് ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നത്തിനിടയാക്കിയത്. ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും കളിയാക്കുമെന്ന് ഉമ്മര്‍ തിരിച്ചടിച്ചു. ഇതിനിടെ സുധാകരന്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരണ്ട എന്ന പ്രയോഗം ബഹളത്തിനിടയാക്കി. ഇത് സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് വി. എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കറും വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്ന് ഉമ്മര്‍ ആരോപിച്ചു. അത് നിയമസഭയില്‍ കയറാനുള്ള പാസെടുക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ. സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്പീക്കര്‍ തടയാന്‍ ശ്രമിച്ചു. നിയമസഭ തീര്‍ന്നാല്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാള്‍ നവീകരിച്ചത് 100 കോടിയിലേറെ ചെലവഴിച്ചാണ്. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണന്‍ വരുത്തിവച്ച ദുര്‍ഗന്ധം ഒരിക്കലും മായില്ലെന്നും ഉമ്മര്‍ ആരോപിച്ചു.

രണ്ട് പ്രളയവും കോവിഡും ബാധിച്ച സമയത്ത് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി ധൂര്‍ത്ത് നടത്തി. സ്പീക്കറുടെ ചെയറിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യയിലെ ഒരു സ്പീക്കറും ഇത്തരമൊരു ആക്ഷേപത്തിന് ഇടയാക്കിയിട്ടില്ലെന്നും എം. ഉമ്മര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിനു അനുമതി നല്‍കിയത് കൊണ്ടാണ് സ്പീക്കര്‍ക്ക് എതിരെ പ്രമേയം കൊണ്ട് വരുന്നത് ശര്‍മ ആരോപിച്ചു. സ്പീക്കര്‍ കുറ്റം ചെയ്തുവെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വെറുതെ ഇരിക്കുമോ? സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതിയെന്ന് എസ് ശര്‍മ ചോദിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി കൊടുത്തത്. ഏത് നടപടി ക്രമത്തിലും അഴിമതി കാണാനാവില്ല. അവിശ്വാസ പ്രമേയത്തില്‍ ഉമ്മര്‍ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കര്‍ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തതാണെങ്കില്‍ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേയെന്നും ശർമ്മ ചോദിച്ചു. എന്നാൽ  താന്‍ ക്ഷണിച്ചിട്ടല്ല സ്വപ്ന ഇഫ്താര്‍ പാര്‍ട്ടിക്ക് വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് കളവാണെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എയും  ആരോപിച്ചു.