കോൺഗ്രസ് ഉജ്ജ്വല വിജയം നേടി ഭരണത്തിലെത്തും; എന്ത് കുത്തിത്തിരിപ്പ് നടത്തിയിട്ടും കാര്യമില്ല’; കെ മുരളീധരൻ

കോഴിക്കോട്: വരുന്ന  നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  കേരളത്തില്‍ ഉജ്ജ്വല വിജയം  കൈവരിച്ച് ഭരണത്തിലേറുമെന്ന് കെ. മുരളീധരൻ എം.പി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പത്തംഗ മേല്‍നോട്ട സമിതി മാത്രമാണ് ഉണ്ടായതെന്നും മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും കെ.മുരളീധരന്‍ എം.പി . സ്ഥാനാര്‍ഥി നിര്‍ണയത്തിലോ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിക്കുമെന്നും കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാവുമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളി.

‘നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാം എവിടേയും മത്സരിപ്പിക്കാം. എന്നാല്‍ അതൊന്നും പാര്‍ട്ടി തലത്തില്‍ തീരുമാനമെടുത്തിട്ടില്ല. ചക്ക എന്ന് പറയുമ്പോള്‍  ചുക്ക് എന്നാണ് എഴുതുക. വരുന്ന  നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  കേരളത്തില്‍ ഉജ്ജ്വല വിജയം  കൈവരിക്കുകയും ഭരണത്തിലേറുകയും ചെയ്യും. എന്ത് കുത്തിത്തിരിപ്പ്  നടത്തിയാലും കാര്യമില്ല’-  മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ജാഥ കോഴിക്കോട് എത്തുമ്പോള്‍ താൻ ഇവിടെ ഉണ്ടാവില്ലെന്നും പാര്‍ലമെന്റ്‌  സമ്മേളനമാണെന്നും   ഇതിന്റെ പേരില്‍ പുതിയ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കേണ്ടെന്നും മുരളി പറഞ്ഞു.

രമേശ് ചെന്നിത്തല നേതാവ് നയിക്കുന്ന കേരള യാത്രയുടെ സ്വാഗതം സംഘം ഓഫീസ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.