‘മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ടു’; അമ്മ പ്രതിയായ കേസില്‍ ഹൈക്കോടതി

    കൊച്ചി∙ തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ വികാരാധീനനായി ജഡ്ജി. കേട്ടുകേൾവി പോലുമില്ലാത്ത ഒരു കേസാണ് മുന്നിൽ വന്നതെന്നു നിരീക്ഷിച്ച കോടതി ഈ കേസില്‍ മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ടുവെന്ന് വിലയിരുത്തി. മാതൃത്വം എന്നത് കുഞ്ഞു ജനിക്കുന്നതിനു മുന്നേ ആരംഭിക്കുന്നതാണെന്നും അതിനെയെല്ലാം അവഗണിക്കുന്ന ഒരു കേസാണ് ഇതെന്നും പറഞ്ഞു. തന്റെ മാതൃത്വത്തെയും സ്ത്രീത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ പരാതിയെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജയിലിലുള്ള മാതാവും ചൂണ്ടിക്കാണിച്ചത്.

    മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിലില്ല. എന്നാല്‍ ഇത്തരം ഹീനകൃത്യം ചെയ്യുന്ന ഒരു സ്ത്രീയും അമ്മയെന്ന് വിളിക്കപ്പെടാന്‍ യോഗ്യയല്ലെന്നും ജസ്റ്റിസ് വി.ഷെര്‍സിയുടെ ഉത്തരവില്‍ പറയുന്നു.

    കേസില്‍ ഇരയായ കുട്ടിയുടെ മാതാവിന്റെ ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയായ അമ്മയെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

    അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറണം. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിട്ടു. ശിശുരോഗ വിദഗ്ധനും മാനസിക ആരോഗ്യവിദഗ്ധനും മെഡിക്കല്‍ ബോര്‍ഡില്‍ ഉണ്ടാകണം. അന്വേഷണസംഘത്തിന് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം, അച്ഛന്‍റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ ശിശുക്ഷേമസമിതിയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി.