.വ്യക്തി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; സ്പ്രിംഗ്‌ളറില്‍ ഉപഹര്‍ജിയുമായി ചെന്നിത്തല

കൊച്ചി: സ്പ്രിംഗ്‌ളര്‍ കരാര്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്‌ളര്‍ കരാര്‍ അന്വേഷിച്ച മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് രോഗികളുടെ വിവര വിശകലനത്തിനാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കമ്പനിയെ തിരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഈ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ആദ്യം ഹര്‍ജി നല്‍കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ സ്പ്രിംഗ്‌ളറിന് സര്‍ക്കാര്‍ കൈമാറി. ഇവ അടിയന്തരമായി നീക്കാന്‍ ഏപ്രില്‍ 12ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും മേയ് 20നാണ് സര്‍ക്കാര്‍ ഇവ നീക്കം ചെയ്തത്. കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് മൂലം വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ഇന്ന് നല്‍കിയ ഉപഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് വാദിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നവര്‍ക്കുളള നഷ്ടപരിഹാരം മുഖ്യമന്ത്രിയില്‍ നിന്നും അന്നത്തെ ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറില്‍ നിന്നും ഈടാക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സ്പ്രിംഗ്‌ളര്‍ കരാറിന്റെ ആഴമറിയാമെന്നും അതിനാല്‍ മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി കോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.