വാർത്താസമ്മേളനം റദ്ദാക്കി; കെ.വി.തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് ശനിയാഴ്ച കൊച്ചിയിൽ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. ശനിയാഴ്ച തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക്  ഗെഹ്ലോട്ടുമായി  കെ.വി.തോമസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് വിടുന്നത് പ്രഖ്യാപിക്കുമെന്നും കൊച്ചിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയാകുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് തോമസിന്റെ നിർണായക നീക്കം.

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും  ഉൾപ്പെടെയുള്ള നേതാക്കൾ കെ.വി.തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. ശനിയാഴ്ച തലസ്ഥാനത്ത് എത്തണമെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായികൂടിക്കാഴ്ച നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അപ്പോഴൊന്നും അതിനു വഴങ്ങാൻ കെ.വി തോമസ് തയാറായിരുന്നില്ല. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അദ്ദേഹം വഴങ്ങിയതെന്നാണ് സൂചന. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.

കെ.വി തോമസ് വാർത്താ സമ്മേളനം റദ്ദാക്കിയതിനു പിന്നാലെ നാളെ ചേരാനിരുന്ന എറണാകുളം ഡ‍ി.സി.സി നേതൃയോഗവും റദ്ദാക്കിയിട്ടുണ്ട്. തോമസിന്റേത് വിലപേശൽ തന്ത്രമാണെന്ന നിലപാടിലായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വം.

1984 മുതല്‍ 2019 വരെ എംപി, എംഎല്‍എ, കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി തുടങ്ങിയ പദവികളിൽ ഇരുന്ന ആളാണ് കെ.വി.തോമസ്. ലോക്‌സഭയില്‍ എറണാകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെ തനിക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനം വേണമെന്ന ആവശ്യം കെ.വി തോമസ് ഉന്നയിച്ചിരുന്നു. പാർട്ടി പത്രത്തിന്റെയും ചാനലിന്റെ ചുമതല നൽകിയെങ്കിലും അത് ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. കെ.വി.തോമസിന്റെ വിഷയത്തില്‍ ഇടപെടേണ്ട എന്നായിരുന്നു നേരത്തെ ഹൈക്കമാന്‍ഡിന്റെ നിലപാട്.