ജോലിക്ക് കയറി മൂന്നാം നാൾ രഹസ്യങ്ങൾ ചോർത്തി; യുവ എൻജിനീയർക്കെതിരെ ടെസ്ല കാർ നിർമ്മാതാക്കൾ

    ന്യുയോർക്ക്: ജോലിയിൽ പ്രവേശിച്ച് മൂന്നാം നാൾ സോഫ്ട് വെയർ എൻജിനീയർ കമ്പനിയുടെ രഹസ്യങ്ങൾ അടങ്ങിയ ഫയൽ മോഷ്ടിച്ചെന്ന ആരോപവുമായി ലോകത്തെ മുൻനിര കാർ നിർമ്മാതാക്കളായ ടെസ്ല. ഈ വര്‍ഷം ജനുവരി 6 വരെ രണ്ടാഴ്ച മാത്രം ടെസ്ലയില്‍ ജോലി ചെയ്ത അലക്സ് കട്ടിലോവ് എന്ന എൻജീനിയർക്കെതിരെയാണ് ആരോപണം. കമ്പനിയുടെ അതീവ രഹസ്യമായ 6000ത്തിലേറെ സ്‌ക്രിപ്റ്റുകള്‍ ഇയാള്‍ സ്വന്തം ക്ലൗഡ് മെമ്മറിയിലേക്ക് മാറ്റിയെന്നാണ് കമ്പനിയുടെ ആരോപണം.

    ഫയൽ മോഷണം സംബന്ധിച്ച് സന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് ജഡ്ജിയായ യോവ്നെ ഗോണ്‍സാലെസ് റോജേഴ്സിന് മുന്നിലാണ് ടെസ്ല പരാതി നൽകിയത്. കമ്പനിയിൽ നിന്നും കടത്തിക്കൊണ്ടു പോയ ഫയലുകൾ ഫെബ്രുവരി നാലിന് മുൻപ് ഹാജരാക്കണമെന്ന് കട്ടിലോവിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഇതിനു മുൻപും  എലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ജീവനക്കാർക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കട്ടിലോവ് പറയുന്നത്.  തന്റെ ജോലിയുമായി ബന്ധമില്ലെന്ന് കമ്പനി പറയുന്ന ഫയലുകൾ കണ്ടിട്ടില്ലെന്നുമാണ് കട്ടിലോവ്  പറയുന്നത്. എന്നാൽ മോഷണ തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചതിനാണ് കേസ് നൽകിയതെന്നാണ് ടെസ്ല പറയുന്നത്.

    കമ്പനി തനിക്കെതിരെ നല്‍കിയിരിക്കുന്ന കേസ് ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്നാണ് അലക്സ് കട്ടിലോവ് പറയുന്നത്. ഡിസംബര്‍ 28നാണ് ടെസ്ല ജോലി നൽകിയത്. പുതിയതായി ജോലിക്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫയല്‍ തനിക്ക് അയച്ചു തന്നെന്നും അത് തന്റെ ഡ്രോപ്ബാക്സിലുള്ള ക്ലൗഡ് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് ഇയാൾ വ്യക്തമാക്കുന്നത്.