റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്ക് വ്യത്യസ്തമായൊരു സമ്മാനവുമായി ദുബായിലെ മലയാളി വിദ്യാർത്ഥി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യത്യസ്തമായൊരു സമ്മാനവുമായി ദുബായിയിലെ 14 കാരനായ മലയാളി വിദ്യാർത്ഥി. നരേന്ദ്ര മോദിയുടെ ആറു പാളികളുള്ള സ്റ്റെൻസിൽ ഛായചിത്രമാണ് ശരൺ ശശികുമാർ എന്ന വിദ്യാർത്ഥി വരച്ചത്. വ്യാഴാഴ്ച യു.എ.ഇയിൽ വച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ശരൺ ഈ ഛായാചിത്രം കൈമാറി.

അച്ഛനും അമ്മയ്ക്കും ഒപ്പമെത്തി ഛായാചിത്രം കൈമാറുന്നതിന്റെ ചിത്രം വി. മുരളീധരൻ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.പ്രധാനമന്ത്രി സി.ഐ.എസ്.എഫ് യൂണിഫോം ധരിച്ച് അഭിവാദ്യം അർപ്പിക്കുന്ന ചിത്രമാണ് ശരൺ വരച്ചത്. ചിത്രത്തിൽ 90 സെന്റീമീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയുമുണ്ട്.

ആറ് കളർ ഷേഡുകൾ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം വരയാക്കാൻ ആറുമണിക്കൂറാണ് എടുത്തത്. കോവിഡ് കാലത്ത് യുഎഇയിലെ മുൻനിര നേതാക്കൾ ഉൾപ്പെടെ 92 പേരടെ ഛായാചിത്രങ്ങൾ ശരൺ വരച്ചിട്ടുണ്ട്.

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശരൺ. ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്‌സ് ഓഫ് റെക്കോഡ് എന്നീ നേട്ടങ്ങളും കോവിഡ് കാലത്ത് ശരൺ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം നിമിഷനേരംകൊണ്ട് വരച്ചതിനാണ് റെക്കോഡ്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ കൂടാതെ സിനിമാതാരങ്ങൾ, കായികതാരങ്ങൾ എന്നിവരുടെയും ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. കോവിഡ് കാലം തുടങ്ങി ആദ്യ അഞ്ചുമാസംകൊണ്ട് ശരൺ വരച്ചത് എഴുപതിലേറെ മനോഹരമായ ഛായാചിത്രങ്ങളാണ്. അധ്യാപകനായ കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ശരൺ ചിത്രകല അഭ്യസിക്കുന്നത്. ദുബായിൽ ബിസിനസ് നടത്തുന്ന മാവേലിക്കര കാരാഴ്മ വലിയകുളങ്ങര ശ്രീവിഹാറിൽ ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ ശരത്ത്.