പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? റിസര്‍വ് ബാങ്ക് വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുമെന്ന പ്രചാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് .
അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

2016-ൽ  1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. എന്നാല്‍ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല. 2018 ല്‍ 10 രൂപയുടെയും 50 രൂപയുടെയും 200 രൂപയുടെയും പുതിയ കറന്‍സികള്‍ ആര്‍ബിഐ പുറത്തിറക്കി. പിന്നീട് 2019ല്‍ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു.