ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാർ

    ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമന്‍, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാല്‍ എന്നിവരെയാണ് പുതുതായി പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം നിര്‍ദേശിച്ച തിരുത്തലുകള്‍ കേന്ദ്ര സർക്കാർ വരുത്തിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

    കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിൽ  മന്ത്രിമാരേയും എം.പിമാരേയും നേരത്തെ ഒഴിവാക്കിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. മന്ത്രിമാരെയും എം.പിമാരെയും ഒഴിവാക്കിയ പട്ടികയിൽ  കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ഉൾപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

    ജില്ലയില്‍ നിന്നുളള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവരെ ചടങ്ങളില്‍ ഉള്‍ക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫിനെയും രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.