ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കര്‍ഷകര്‍; പതാക നാട്ടി; ട്രാക്ടര്‍ റാലി അക്രമാസക്തം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് എത്തിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തി. അതേസമയം, നഗരഹൃദയമായ ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പലയിടത്തും മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിച്ചു. ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങി.

നഗരഹൃദയമായ ഐടിഒയില്‍ കര്‍ഷകരെ തുരത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ, ഹരിയാന അതിര്‍ത്തിയായ കര്‍നാലില്‍ എത്തിയ കര്‍ഷകര്‍ ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍നാലില്‍ അവസാനിപ്പിച്ചാണ് കര്‍ഷകര്‍ മടങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ