കോട്ടയം: പ്രിയപ്പെട്ട മോഷ്ടാവേ, നിങ്ങള്‍ കട്ടെടുത്ത ആ കുഞ്ഞു സൈക്കിളിന്റെയും അതിന്റെ ഉടമയുടെയും ജീവിതത്തെ കുറിച്ച് അറിയുമായിരുന്നെങ്കില്‍ നിങ്ങള്‍ ഇതിന് മുതിരുമായിരുന്നോ?. ഉരുളിക്കുന്നം കണിച്ചേരിയില്‍ സുനീഷ് ജോസഫ് തന്റെ മകന് ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുന്‍പ് വാങ്ങി നല്കിയതായിരുന്നു ഈ സൈക്കിള്‍. അവന് ഒന്ന് ഉരുട്ടി കൊതിതീരും മുന്‍പാണ് ഏതോ മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാള്‍ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കില്‍ ആര്‍ക്കും അത് കട്ടെടുക്കാന്‍ മനസ് വരുമായിരുന്നില്ല.
കോട്ടയം ജില്ലയിലെ പൈക – ചെങ്ങളം റോഡില്‍ ഇല്ലിക്കോണ്‍ ജംഗ്ഷനിലെ കൊച്ചുവീടാണ് സുനീഷിന്റേത്. കണിച്ചേരില്‍ എന്ന ഈ വീട്ടില്‍ 35കാരനായ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ എന്നിവരാണ് കഴിയുന്നത്. ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയിലാണ്. കൈകള്‍ ശോഷിച്ചത്. വലതുകൈക്കാകട്ടെ തീരെ സ്വാധീനവുമില്ല. എല്ലാവരെയും പോലെ കസേരയില്‍ ഒന്ന് ഇരിക്കാന്‍ പോലും സുനീഷിന് കഴിയില്ല.
വീടിനുള്ളില്‍ സഞ്ചരിക്കുന്നത് പോലും ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തിയാണ്. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം. എങ്കിലും തനിക്കും കുടുംബത്തിനുമായി തളരാതെ ജീവിതം കെട്ടിപ്പടുത്ത അത്ഭുതമാണ് സുനീഷിന്റെ ജീവിതം. പി പി റോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് സുനീഷ്. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ.
ഓഫീസില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കമ്പ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്. സുനീഷ് ഈ സങ്കടങ്ങളൊന്നും പറഞ്ഞില്ലെങ്കിലും തന്റെ മോന്റെ സൈക്കിള്‍ ഏതെങ്കിലും ആക്രിക്കടയില്‍ കണ്ടാല്‍ അറിയിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയമുള്ളവരേ,
ഈ ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ ബുധനാഴ്ച രാത്രിയില്‍ ഉരുളികുന്നത്തുള്ള എന്റെ വീട്ടുമുറ്റത്ത് നിന്നും കാണാതായിരിക്കുന്നു.. ഇത് എന്റെ 9 വയസ്സുള്ള മകന്റെ സൈക്കിള്‍ ആണ്.. അവന് വളരേ ആശിച്ചു വാങ്ങിച്ച സൈക്കിള്‍ ആണ്..
ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയ്യിലോ, ഏതെങ്കിലും കടയിലോ കാണുകയാണെങ്കില്‍ ദയവായി ഈ നമ്പറില്‍ വിളിച്ച് അറിയിക്കണേ…
ഈ സൈക്കിളിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961903662 എന്ന നമ്പറില്‍ അറിയിക്കുക. ഒന്‍പതാം ക്ലാസുകാരനും കുടുംബവും ഈ സമ്മാനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.