ഇടത് മുന്നണി യോഗത്തില്‍ പങ്കെടുക്കാതെ മാണി സി കാപ്പന്‍; സീറ്റ് കിട്ടിയില്ലെങ്കിലും ഇടതുമുന്നണി വിടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടതുമുന്നണിയോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യവുമായി എന്‍.സി.പി സംസ്ഥാനാദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. പക്ഷെ എന്‍.സി.പിയുടെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സീറ്റ് വിഭജനം പിന്നീട് ചര്‍ച്ച ചെയ്യാം എന്നറിയിച്ചു. ഇതേത്തുടര്‍ന്ന് മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഇടതുമുന്നണി യോഗം പിരിഞ്ഞു.സീറ്റ് വിഭജനം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചിരുന്നു. ഇന്നത്തെ മുന്നണിയോഗത്തില്‍ പാലാ എം.എല്‍.എ മാണി.സി കാപ്പന്‍ പങ്കെടുത്തില്ല.പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാറുമായുളള ചര്‍ച്ചകഴിഞ്ഞേ മുന്നണിയോഗത്തില്‍ പങ്കെടുക്കൂവെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടുപേര്‍ മാത്രം മുന്നണിയോഗത്തില്‍ പങ്കെടുത്താല്‍മതി എന്ന നിര്‍ദ്ദേശമുളളതുകൊണ്ടാണ് കാപ്പന്‍ പങ്കെടുക്കാത്തതെന്ന് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

    എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ജാഥകളെ കുറിച്ചും പ്രകടനപത്രികയെ സംബന്ധിച്ചുമുളള ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. ഇതിനിടെയാണ് പാലാ സീറ്റിലെ അവ്യക്തത നീക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇത് മുഖ്യമന്ത്രി തളളുകയായിരുന്നു.

    പാലാ സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നാണ് ടി.പി പീതാംബരന്‍ ഇടത്മുന്നണി യോഗത്തില്‍ പങ്കെടുക്കും മുന്‍പ് രാവിലെ അറിയിച്ചത്. പാര്‍ട്ടി അദ്ധ്യക്ഷനുമായി ഫെബ്രുവരി ഒന്നിന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാലാ സീറ്റ് തര്‍ക്കവിഷയമാണോയെന്ന് പറയാനാകില്ലെന്നും സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. ഈ വിഷയത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. പാലാ സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.