മോഷണം, പിന്നാലെ കൊലപാതകം: പ്രതി സഹോദര പുത്രന്‍

കൊച്ചി: എളമക്കരയിലെ വീടു കുത്തിത്തുറന്ന് 40 പവന്‍ മോഷ്ടിച്ചതിനെ തുടര്‍ന്നു നല്‍കിയ പരാതിയില്‍ സ്വന്തം സഹോദര പുത്രന്‍ അറസ്റ്റിലായതിന്റെ ഞെട്ടലിലായിരുന്നു പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനയ പ്ലാസിഡും കുടുംബവും. തൊട്ടു പിന്നാലെയാണ് ഡിനോയ് കൊലപാതക്കേസിലും പ്രതിയാണെന്ന വിവരം എത്തുന്നത്. പുതുവര്‍ഷരാത്രിയില്‍ എളമക്കരയിലെ വീടു പൂട്ടിയിട്ടാണ് മാനാശേരിയിലുള്ള സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്ലാസിഡും കുടുംബവും പോയത്. ഈ സമയത്തായിരുന്നു മോഷണം.

വിവാഹ പാര്‍ട്ടി കഴിഞ്ഞെത്തുമ്പോഴാണ് വീടിന്റെ പിന്നിലെ വാതില്‍ പൊളിച്ചിട്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മോഷണം നടന്നെന്നും കണ്ടെത്തി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 60 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 40 പവന്‍ സ്വര്‍ണവും പണവും നഷ്ടമായതായാണ് പരിശോധനയില്‍ വ്യക്തമായത്.

വീട്ടിലുള്ള സ്വര്‍ണത്തെക്കുറിച്ചും പണത്തെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ വിവാഹത്തിനു വീട്ടിലെത്തിയിട്ടുണ്ട് എന്നുറപ്പു വരുത്തിയ ശേഷമായിരുന്നു സുഹൃത്തുക്കളുമൊത്ത് ഡിനോയ് മോഷണത്തിനിറങ്ങിയത്. മോഷണ സമയത്ത് കൂടെക്കൂട്ടിയത് സമീപവാസിയായ ജോബിയെയായിരുന്നു.

മുന്‍കൂട്ടി മോഷണം പദ്ധതിയിട്ടിരുന്നതിനാല്‍ ഡിനോയ് കയ്യുറ ധരിച്ചിരുന്നു. എന്നാല്‍ ജോബി കയ്യുറ ധരിച്ചിരുന്നില്ല. മോഷണ പരാതി ലഭിച്ചതോടെ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വിരലടയാളം ലഭിച്ചിരുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് ഡിനോയിയെ ഭീതിയിലാക്കി. അന്വേഷണം ജോബിയിലൂടെ തന്നിലെത്തുമെന്നായിരുന്നു പേടി.

മോഷണക്കേസില്‍ പൊലീസ് അന്വേഷണം ദിവസങ്ങള്‍ക്കു മുമ്പു തന്നെ പ്രതികളിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. ഇരുവരോടും ഇന്നലെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡിനോയ് സ്റ്റേഷനിലെത്തിയെങ്കിലും ജോബി എത്തിയില്ല. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ പുല്ലേപ്പടി റെയില്‍വേ ട്രാക്കിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്.

നാട്ടുകാര്‍ക്കും പരിചയമുള്ള വ്യക്തിയല്ലെന്നു മനസിലായതോടെ പൊലീസ് മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെ സംശയം തോന്നിയാണ് ഡിനോയിയെ ചോദ്യം ചെയ്തത്. നിവൃത്തിയില്ലാതെ ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ നടന്ന മോഷണത്തില്‍ വിരലടയാളം ലഭിച്ചിട്ടുണ്ടെങ്കില്‍ ജോബിക്ക് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കേണ്ടി വരുമെന്ന് ഡിനോയി ഭയന്നു. അതുവഴി അന്വേഷണം തന്നിലേക്കെത്തുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടായിരുന്നു കൊലപാതക തീരുമാനം.

ഒരുമിച്ചിരുന്ന് ഇരുവരും മദ്യപിച്ച ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം പെട്രോള്‍ സംഘടിപ്പിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു.