‘കനകസിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ അതോ ശുനകനോ’; എ. വിജയരാഘവനെതിരെ കെ. സുധാകരന്‍

    കണ്ണൂര്‍: ഇടതു മുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതവ വഹിക്കുന്ന എ വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ എം.പി. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ താല്‍പര്യമില്ല. കനകസിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ അതോ ശുനകനോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

    ഈ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാക്കുമെന്നും സുധാകരൻ ആരോപിച്ചു. ബിജെപിയുടെ ഒന്നാം ശത്രു സിപിഎമ്മല്ല കോണ്‍ഗ്രസാണ്. പുലി പോലെ വന്ന കേസുകളും കേന്ദ്ര ഏജന്‍സികളും ഇപ്പോളെവിടെയെന്നും അദ്ദേഹം ചോദിച്ചു.

    പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. യുഡിഎഫിലെ ഘടകകക്ഷിയുടെ അടുത്തു കോണ്‍ഗ്രസ് പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

     

    കെപിസിസി പ്രസിഡന്റാകുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. ആകാം. ആകാതിരിക്കാം. പാര്‍ട്ടി നല്‍കുന്ന ഏതു സ്ഥാനവും സ്വീകരിക്കുമെന്നും യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.