കോട്ടയം: വീട്ടില്‍നിന്ന് മുങ്ങി രാത്രി കാലങ്ങളില്‍ കാമുകിയുടെ വീട്ടില്‍ ഒരാഴ്ചയോളം ഒളിച്ചു താമസിച്ച 22 കാരന്‍ അറസ്റ്റിലായി. പാലാ പൂവരണി സ്വദേശിയായ അഖില്‍ എന്ന യുവാവാണ് അറസ്റ്റിലായത്.15 കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൂവരണി പൊന്‍കുന്നം റൂട്ടില്‍ അഞ്ചു കിലോമീറ്ററോളം അകലെ ഒരു വീട്ടില്‍ ഉണ്ടെന്ന വിവരം ഡി.വൈ. എസ്. പി സാജു വര്‍ഗീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കട്ടിലിനടിയില്‍ നിന്ന് ഓടിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി പെണ്‍കുട്ടിയുമായി അഖില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അഖില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. നാലു ദിവസമായി വീട്ടില്‍നിന്ന് ഇറങ്ങിയ അഖില്‍ പകല്‍ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പകല്‍ വീട്ടുകാരുമായി സംസാരിച്ച് ഇരിക്കും. അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഇയാള്‍ വൈകുന്നേരത്തോടെ അവിടെ നിന്ന് ഇറങ്ങും.
എന്നാല്‍ ഇരുട്ടിക്കഴിയുമ്പോള്‍ വീട്ടുകാര്‍ അറിയാതെ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തും. പെണ്‍കുട്ടിയുടെ മുറിയിലെ കട്ടിലിനടിയിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. എല്ലാവരും ഉറങ്ങിയശേഷം ഇയാള്‍ കട്ടിലിനടിയില്‍നിന്ന് എഴുന്നേറ്റ് പെണ്‍കുട്ടിക്കൊപ്പം ചെലവഴിക്കും.
ഇയാളുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പകല്‍ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലീസ് ഇവിടെയെത്തി തിരച്ചില്‍ നടത്തിയത്. ഇതോടെയാണ് കട്ടിലിനടിയില്‍ ഉണ്ടായിരുന്ന യുവാവ് ഇറങ്ങി ഓടിയത്.