13 കാരിയെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി; അധ്യാപകൻ അറസ്റ്റിൽ

റാഞ്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിൽ 13 കാരിയെ ബാലാത്സംഗ് ചെയ്ത് കൊലപ്പെടുത്തിയ കേസിൽ  ശംഭു സിംഗ് എന്ന മുപ്പത്തഞ്ചുകാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്.

ജനുവരി 25 ന് ബാത്ത് റൂമിലേക്ക് നടന്നു പോകുന്നതിനിടെ ശംഭു സിംഗ് മകളെ ബലാത്സംഗം ചെയ്തെന്നാണ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവം പുറത്തു പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗത്തിനു  പിന്നാലെ ജനുവരി 26 അർദ്ധരാത്രി പ്രതിയുടെ നേതൃത്വത്തിൽ എത്തിയ ഗുണ്ടാ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് ഗുളിക നൽകിയെന്നും പിതാവ് പറയുന്നു. ഇതു കഴിച്ചതിനു പിന്നാലെയാണ് വിദ്യാർത്ഥിനിയുടെ ആരോഗ്യനില വഷളായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം.

സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിക്കുള്ളിൽ വച്ചാണ് ബലാത്സംഗം നടന്നതെന്ന് ലെസ്ലിഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനുപ് കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായും വിഷം ഉള്ളിൽ ചെന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.