സംവരണ വിഷയത്തിലും വിജയരാഘവൻ മുസ്ലീം സമുദായത്തെ കടന്നാക്രമിച്ചു; വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതിന് തിരിച്ചടി നേരിടും; രമേശ് ചെന്നിത്തല

കാസർകോട്: സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന സര്‍ക്കാര്‍ വലിയ തിരിച്ചടി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നോക്ക സംവരണ വിഷയത്തില്‍ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് എ.വിജയരാഘവന്‍ സ്വീകരിച്ചത്. മുന്നോക്ക സംവരണത്തെ യുഡിഎഫ് ഒന്നിച്ചാണ് സ്വാഗതം ചെയ്തത്. സംവരണത്തില്‍ മുസ്ലീം സമുദായം അവഗണിക്കപ്പെടരുതെന്ന ആശങ്കമാത്രമാണ് ലീഗ് പങ്കുവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ആദ്യദിനത്തില്‍ കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലീം സമുദായത്തെ വിജയരാഘവന്‍ കടന്നാക്രമിക്കുകയാണ്. 10% സംവരണത്തെ യുഡിഎഫ് ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്തത്. മുസ്ലീം പിന്നോക്ക സമുദായത്തെ സംവരണം ബാധിക്കരുത് എന്നാണ് ലീഗ് പറഞ്ഞത്. അതില്‍ എന്താണ് തെറ്റുള്ളത്. അവര്‍ക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമേ ലീഗ് പറഞ്ഞുള്ളൂ. തില്ലങ്കേരി മോഡലില്‍ ബിജെപി സിപിഎം ധാരണ സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇടപെടുന്നത് കണ്ടാല്‍ അദ്ദേഹമാണ് ഇപ്പോഴും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നു തോന്നും. പ്രശ്‌നം തീര്‍ക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ എതിർപ്പില്ലെന്നും പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

പ്രഖ്യാപനങ്ങളും പ്രസ്താവനകളും മാത്രമാണ് സര്‍ക്കാരിന്റെ മുഖമുദ്ര.‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്–ബിജെപി കൂട്ടുകെട്ട് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ കേരള പൊലീസിനെ പൂര്‍ണമായും അവഗണിച്ചു. ഇക്കാര്യത്തില്‍ പൊലീസുകാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയും അമര്‍ഷവുമുണ്ട്.

ഇടതുസര്‍ക്കാര്‍ കാസര്‍കോട് ജില്ലയെ പാടെ അവഗണിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. മെഡിക്കല്‍ കോളേജിനായി ബജറ്റില്‍ ഒന്നും നീക്കിവച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പറഞ്ഞ പദ്ധതികളൊന്നും നടപ്പാക്കിയില്ല. ദുരിതബാധിതര്‍ക്ക് സഹായം തേടി ഡിവൈഎഫ്‌ഐയാണ് കോടതിയില്‍ പോയത്. ആ ഉത്തരവ് പോലും സർക്കാർ നടപ്പാക്കിയില്ല. ദുരിതാശ്വാസമായി സുപ്രീംകോടതി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പോലും കിട്ടാത്ത നിരവധി പേര്‍ ജില്ലയിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ദുരിതബാധിതര്‍ക്കായി സായി ബാബ ട്രസ്റ്റ് നിര്‍മ്മിച്ച വീടുകള്‍ക്ക് ഇതുവരെ പട്ടയം നല്‍കിയില്ല. കാസര്‍കോട് വികസന പാക്കേജിലെ പദ്ധതികളൊന്നും നടപ്പാക്കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാസര്‍കോടിന് വലിയ മുന്‍ഗണന തന്നെ നല്‍കും. ഭെല്‍ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് അടക്കം എല്ലാ ദുരിത കാലത്തും കഷ്ടപ്പെട്ട് പണിയെടുത്തവരാണ് കേരളത്തിലെ പൊലീസുകാര്‍. അവരെ പാടെ അവഗണിക്കുകയാണ് ഈ സര്‍ക്കാര്‍. ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയിലും പൊലീസ് അവഗണിക്കപ്പെട്ടു. ഇതില്‍ വലിയ പ്രതിഷേധം പൊലീസുകാര്‍ക്കുണ്ട്. ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ആശ്വാസകരമല്ല. വളരെ വൈകിയാണ് റിപ്പോര്‍ട്ട് വന്നത്. ശമ്പളപരിഷ്‌കരണം നടപ്പിലാക്കേണ്ടതിന്റെ ബാധ്യത മുഴുവന്‍ അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് വച്ചു കെട്ടിയിരിക്കുകയാണ്.

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായിട്ടാണ് താരങ്ങള്‍ അവാര്‍ഡ് വാങ്ങാന്‍ വന്നത്. അവരോട് ഇത്രയും മോശമായി പെരുമാറിയത് ശരിയായില്ല. പുരസ്‌കാരം മേശപ്പുറത്ത് നിന്നും എടുക്കാന്‍ പറഞ്ഞു. കോവിഡ് കാലത്ത് പല അവാര്‍ഡുകളും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ മുഖ്യമന്തിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. കള്ളവോട്ട് ചെയ്യാന്‍ ഒത്താശ ചെയ്യാത്തതിന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എയ്‌ക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.