90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ… ; മൂന്നാർ ടൗണിലെ കട തുറന്ന് ‘പടയപ്പ’ അകത്താക്കിയത് 180 കിലോയോളം പഴങ്ങൾ

മൂന്നാർ: പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് പടയപ്പ എന്ന കാട്ടാന മൂന്നാർ ടൗണിൽ പോസ്റ്റ് ഓഫിസ് കവലയിൽ എത്തിയത്. ഇവിടെ ഗ്രഹാംസ്‌ലാൻഡ് സ്വദേശി പാൽരാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.

പാൽരാജ് ചൊവ്വാഴ്ചയാണ് വിൽപനയ്ക്കായി പുതിയ സ്റ്റോക്ക് എടുത്തു വച്ചത്. 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ, 30 കിലോ മാമ്പഴം, 20 കിലോ മാതളം എന്നിവയാണ് ആന അകത്താക്കിയത്. ടൗണിൽ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ പിന്തിരിപ്പിച്ചത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാൽരാജ് പറയുന്നു.