‘വിഷയ വിദഗ്ധർ ഉപജാപം നടത്തി’; ഭാര്യയുടെ നിയമന വിവാദത്തിൽ എം ബി രാജേഷ്

പാലക്കാട്: മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണ് തന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിയമന വിവാദമെന്ന് മുൻ എം പി എം ബി രാജേഷ്. തിരഞ്ഞെടുപ്പ് സമയമായതിനാൽ പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇതിന് നേതൃത്വം നൽകിയത് വിഷയ വിദഗ്ദ്ധരിൽ ഒരാളാണ്. വിഷയ വിദഗ്ദ്ധർ ഉപജാപം നടത്തിയെന്നും രാജേഷ് ആരോപിച്ചു.

നിനിതയ്‌ക്ക് എതിരായ പരാതി അവർക്ക് തന്നെ അയച്ച് കൊടുത്ത് നിങ്ങൾ ഇതിൽ നിന്ന് പിന്മാറണം അല്ലെങ്കിൽ മാദ്ധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തുമെന്നും വലിയ തിരിച്ചടിയുണ്ടാകുമെന്നും മൂന്നാമതൊരാൾ വഴി പറഞ്ഞു. ഇത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഇന്റർവ്യൂവിന് മുമ്പ് നിനിത അതിൽ പങ്കെടുക്കാതിരിക്കാൻ അയോഗ്യയാക്കാനുളള ശ്രമങ്ങൾ നടന്നു. അത് പൊളിഞ്ഞപ്പോൾ നിനിതയുടെ പി എച്ച് ഡിക്ക് എതിരെ അടുത്ത കേസുണ്ടെന്നായി പരാതി. അതും പൊളിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ ശ്രമങ്ങൾ നടന്നതെന്ന് രാജേഷ് പറഞ്ഞു.

നിനിത ജോലിയ്‌ക്ക് പ്രവേശിച്ചില്ലെങ്കിൽ തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ അതിന് വിപരീതമായി നടന്നപ്പോഴാണ് വിവാദങ്ങളൊക്കെ ഉണ്ടാകുന്നത്. നിനിത പിന്മാറണം അല്ലെങ്കിൽ അവഹേളിക്കും അതായിരിന്നു അവരുടെ ഉദ്ദേശം. ജോലിയ്‌ക്ക് പോകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉളളതുകൊണ്ട് എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു. എന്നാൽ ഈ സമ്മർദ്ദവും ഭീഷണിയും വന്നപ്പോൾ അതിനു വഴങ്ങില്ലെന്ന് നിശ്‌ചയിക്കുകയായിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി.