നവ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെവലപ്പിംഗ് ആന്‍റ് ഹാര്‍നെസിംഗ് ഇന്നൊവേഷന്‍സ് എന്‍റര്‍പ്രണര്‍-ഇന്‍-റെസിഡന്‍സ് (നിധി-ഇഐആര്‍) ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിരുദദാരികള്‍ക്ക് ഫെല്ലോഷിപ്പ് നല്‍കി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ബോര്‍ഡ് (എന്‍എസ്ടിഇഡിബി) ആരംഭിച്ചതാണ് നിധി-ഇഐആര്‍ പ്രോഗ്രാം. ഇന്ത്യയിലുടനീളമുള്ള നിധി-ഇഐആര്‍ പ്രോഗ്രാമിന് കീഴില്‍ പ്രോഗ്രാം എക്സിക്യൂഷന്‍ പാര്‍ട്ണര്‍സ് (പിഇപി) ആയി തെരെഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്ററുകളില്‍ ഒന്നാണ് കെഎസ്യുഎം.
മെഡിറ്റക്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് റോബോട്ടിക്, ക്ലീന്‍ ടേക്, ഇന്നോവറ്റിന്‍സ് തുടങ്ങിയ 4 വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റുഡന്‍റ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ലാബുകളും കൂടാതെ 30000 രൂപ വരെ സ്റ്റൈപന്‍റും നല്‍കി പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രോഗ്രാമിന്‍റെ ഉദ്ദേശം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെന്‍ററിംഗ്, പ്രോട്ടോടൈപ്പിംഗ് ലാബുകളിലേക്കുള്ള പ്രവേശനം, മാര്‍ഗനിര്‍ദ്ദേശം, നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്യുഎം ഇന്‍കുബേറ്ററുകളില്‍ ഇന്‍കുബേറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 28. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഷോര്‍ട്ട്ലിസ്റ്റ് മാര്‍ച്ച് 22 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://startupmission.kerala.gov.in/programs/nidhieir/

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെ.എസ്.യു.എം.