‘എന്റെ കട’ സൂപ്പർ മാർക്കറ്റിന്റെ പേരിൽ 30 കോടിയുടെ തട്ടിപ്പ്; മുഖ്യ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി 35 പേരിൽനിന്നു 30 കോടി രൂപയോളം തട്ടിയ കുടപ്പനക്കുന്ന് സ്വദേശി മനോജ്‌ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ കേരളത്തിൽ എല്ലായിടത്തും ‘എന്റെ കട’ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങി നൽകുമെന്ന് പറഞ്ഞാണ് ഇയാളും കൂട്ടാളികളും പണം തട്ടിയത്.

ഒരാളിൽനിന്നും 10 ലക്ഷം മുതൽ 35 ലക്ഷം വരെ പ്രതികൾ തട്ടിയെടുത്തു. കേസിലെ മറ്റു നാലു പ്രതികളായ സാബു കുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

എസ്പി ദേവമനോഹർ, ഡിവൈഎസ്പി വി.റോയ്, എസ്ഐമാരായ നിസാറുദ്ദീൻ, പ്രസന്നകുമാരൻ നായർ, എഎസ്ഐ മനോജ്‌, എസ്‌സിപിഒ ലിനു, സിപിഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.