പാസ് എടുക്കാൻ മാത്രം കോവിഡ് ടെസ്റ്റ്; പിന്നീട് രോഗബാധിതരായാൽ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യത്തിന് മറുപടിയില്ലാതെ IFFK സംഘാടകർ

തിരുവനന്തപുരം:  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ മുതൽ തുടക്കമാകുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ നാലിടങ്ങളിലാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചു വരെയുമാണ്‌ ചലച്ചിത്ര മേള.

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്കു മാത്രമണ് ഇത്തവണ ഡെലിഗേറ്റ്  പാസ് നൽകുന്നത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക്  അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്  ഉപയോഗിച്ച് ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം.  മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസുകള്‍ നൽകും.

അതേസമയം മേള തുടങ്ങിക്കഴിഞ്ഞാൽ ഏതെങ്കിലുമൊരു ഡെലിഗേറ്റിന് രോഗബാധയുണ്ടായാൽ അത് കണ്ടെത്തുന്നതിനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിട്ടില്ല. തിയേറ്ററുകളിൽ എത്തുന്നതിന് മുൻപും ശേഷവും ലോഡ്ജ് മുറികളിലും ഹോട്ടലുകളിലും ഒത്തുകൂടാറുള്ള പതിവ് രീതി മാറ്റാൻ ഡെലിഗേറ്റുകളിൽ ചിലരെങ്കിലും തയാറാകില്ലെന്നതും വാസ്തവമാണ്. ഈ സാഹചര്യത്തിൽ രോഗബാധിതരാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ ഇത് മുൻകൂട്ടി കണ്ടുള്ള യാതൊരു സന്നാവും സംഘാടകർ ഒരുക്കിയിട്ടുമില്ല.

തിരുവനന്തപുരത്തും കൊച്ചിയിലും 2500 പേരെ വീതവും , തലശ്ശേരിയിലും പാലക്കാടും 1500 പേരും ഉൾപ്പെടെ 8000 ഡെലിഗേറ്റുകളെയാണ് പ്രവേശിപ്പിക്കുന്നത്.