ക4ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ്: ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

    ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചിഫ് ജസ്റ്റിസ് എസ് .എ . ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ശശിതരൂര്‍, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശയി, മൃണാള്‍ പാണ്ഡെ, വിനോദ് കെ ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസുകളിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. രണ്ട് ആഴ്ചത്തേക്ക് ആണ് സ്റ്റേ.

    ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചു. രാജ്യദ്രോഹക്കേസെടുത്ത നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി നടപടി. എഫ്‌ഐആ4 റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

    ബാലിശമായ പരാതികളില്‍ ആണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജര്‍ ആയ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഒരേ തരത്തില്‍ ഉള്ള പരാതികളില്‍ ആണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകള്‍ ഒരുമിച്ച് ആക്കണം എന്നും സിബല്‍ വാദിച്ചു. ഈ ആവശ്യത്തില്‍ കോടതി നോട്ടീസ് അയച്ചു.