കണ്ണ് നനഞ്ഞ് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗുലാം നബി ആസാദിന് രാജ്യസഭയില്‍ യാത്രയയപ്പ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കണ്ണുകള്‍ നനഞ്ഞ്, തൊണ്ട ഇടറിയാണ് മോദി ചടങ്ങില്‍ പ്രസംഗിച്ചത്. ഗുജറാത്തിലെ ഒരു കുടുംബം കാശ്മീരില്‍ കുടുങ്ങിയപ്പോള്‍ ഗുലാം നബി ആസാദ് നടത്തിയ ഇടപെടലുകളെ കുറിച്ചും മോദി വിശദീകരിച്ചു.

ആസാദ് രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിനിടെ കശ്മീരില്‍ കുടുങ്ങിപ്പോയ ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ആസാദ് നടത്തിയ ഇടപെടലുകളെ കുറിച്ച് വിവരിച്ചപ്പോഴാണ് പ്രധാനമന്ത്രി വികാരാധീനനായത്. ഏറെ നേരം വാക്കുകള്‍ കിട്ടാതെ വിതുമ്പിയ പ്രധാനമന്ത്രി, ഒടുവില്‍ ഗുലാം നബിയെ സല്യൂട്ട് ചെയ്തു. അവരെ നാട്ടിലെത്തിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ പരിശ്രമങ്ങള്‍ മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘സ്ഥാനങ്ങളും പദവികളും അധികാരങ്ങളുമൊക്കെ കൈവരും… ഇവയൊക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍  ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു നല്ല സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണുന്നത്. സ്വന്തം കുടുംബാംഗങ്ങള്‍ എന്ന പോലെയാണ് ഗുലാം നബി ആസാദ് ഗുജറാത്തിലെ വിനോദസഞ്ചാരികളുടെ വിഷയത്തില്‍ നിരന്തരമായി ഇടപെട്ടത്. വര്‍ഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഞങ്ങള്‍ ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായിരുന്നു. മുഖ്യമന്ത്രി ആകും മുന്‍പും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്.’ – പ്രധാനമന്ത്രി പറഞ്ഞു.