ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാടിൽ സന്തോഷം; ചെന്നിത്തലയുടെ മറുപടി തൃപ്തികരം’: എൻ.എസ്.എസ്

    ചങ്ങനാശേരി: വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എന്‍എസ്എസ്. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നു. എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

    ആചാരസംരക്ഷണത്തിനായി  വിന്‍സന്റ് എംഎല്‍എ രണ്ട് തവണ കേരള നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വിശദീകരണത്തിലൂടെ യുഡിഎഫ് നിലപാട് വ്യക്തമാക്കിയെന്ന് എന്‍എസ്എസ് പറയുന്നു.

    വിശ്വാസസംരക്ഷണത്തിനായി മുന്നണികള്‍ ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് വിമര്‍ശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയത്.

    ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജന. സെക്രട്ടറി വിമര്‍ശിക്കുന്നത്.

    വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.

    വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാല്‍ എന്‍എസ്എസ് നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ തങ്ങല്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എൻ.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.