എട്ടു ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങൻമാർ തട്ടിയെടുത്തു; ഒരു കുഞ്ഞിന് ദാരുണാന്ത്യം

തഞ്ചാവൂർ: കേവലം എട്ടു ദിവസം മാത്രം പ്രായമായ ഇരട്ട കുട്ടികളെ കുരങ്ങൻമാർ തട്ടിയെടുത്തു. ഇതിൽ ഒരു നവജാതശിശുവിനെ പിന്നീട്  മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്‍മാർ ഉറങ്ങിക്കിടന്ന 8 ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തട്ടിയെടുക്കുകയായിരുന്നെന്ന് അമ്മ ഭുവനേശ്വരി പറയുന്നു.

വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ നിലവിളിച്ചു കരഞ്ഞെന്ന് ഭുവനേശ്വരി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. മേല്‍ക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളുമായി കുരങ്ങൻമാർ ഓടിപ്പോയിരുന്നു. തുടർന്ന് സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.