‘കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല’; മുഖ്യമന്ത്രി

    കോഴിക്കോട്: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം നിര്‍ദേശം ആരും നല്‍കിയിട്ടില്ല. കറുത്ത മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥിയോടെ ക്ഷുഭിതനായെന്നുളള വാർത്തയും അദ്ദേഹം നിഷേധിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ മാസ്‌കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    “പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ല. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണ്”. – കാലിക്കറ്റ് സര്‍വകലാശാലയിലെ സംവാദപരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.