കേരളത്തിന് വികസനക്കുതിപ്പേകുന്ന 6100 കോടിയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി

    കൊച്ചി:കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണർവേകുന്ന വൻകിട പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം അമ്പലമുഗളിൽ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ തുറമുഖ ട്രസ്റ്റ് നിർമ്മിച്ച ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ എന്നിവയുടെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിർവഹിച്ചു.

    കേരളത്തിന്റെ വികസനത്തിന് ഊർജം പകരാൻ ഉതകുന്നതാണ് സമർപ്പിക്കപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ആധുനികമായിട്ടുള്ള റിഫൈനറികളിലൊന്നാണ് കൊച്ചി എണ്ണശുദ്ധീകരണശാല. അതേകൊച്ചിയിൽ പുതിയൊരു സംരംഭം കൂടിയാണ് പെട്രോകെമിക്കൽ കോംപ്ളക്‌സിലൂടെ സാദ്ധ്യമാകുന്നത്. നാടിന്റെ സ്വയം പര്യാപ്‌തതയ‌്ക്കും, വിദേശനാണ്യശേഖരണത്തിനും ഇത് വഴിയൊരുക്കും. നിരവധി അനുബന്ധ വ്യവസായങ്ങളും, തൊഴിൽ അവസരങ്ങളും സൃഷ്‌ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

    റോ റോ പദ്ധതി യാഥാർത്യമാകുന്നതോടെ കൊച്ചിക്കാർക്ക് യാത്രാസമയം ഏറെ ലാഭിക്കാൻ കഴിയും. കരയിലൂടെയുള്ള 30 കിലോമീറ്റർ യാത്ര വെറും മൂന്ന് കിലോമീറ്ററായി ചുരുങ്ങും. ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ കൊച്ചിൻ ടൂറിസത്തിന് വമ്പൻ സാദ്ധ്യത തുറന്നുനൽകും. വർഷത്തിൽ ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കാൻ സാഗരികയ‌ക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    സംരംഭകരായ ചെറുപ്പക്കാർ വിനോദ സഞ്ചാര മേഖലയ‌ക്ക് ഉത്തേജനം പകരുന്ന പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതിനായി ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ച്, അതിന്റെ വികസന സാദ്ധ്യതകൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ കേന്ദ്രസ‌ർക്കാർ ഒരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

    മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിജ്ഞാന സാഗർ. നൈപുണ്യ വികസനത്തിന്റെ ഭാഗമാണ് വിജ്ഞാന സാഗർ എന്ന പഠന കേന്ദ്രം. മറൈൻ എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹം തന്നെയാണ് വിജ്ഞാന സാഗർ എന്നും മോദി കൂട്ടിച്ചർത്തു.

    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തുറമുഖ സഹമന്ത്രി മൻസുഖ് എൽ. മാണ്ഡവ്യ തുടങ്ങിയവർ പങ്കെടുത്തു. 6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്‌സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. ഐ.ആർ.ഇ.പി 2019 ജനുവരിയിൽ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചിരുന്നു. റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്ക് പരോക്ഷമായി തൊഴിൽ ലഭിച്ചു. ഐ.ആർ.ഇ.പിയിൽ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്‌കൃത വസ്തുവായ പ്രൊപ്പീലിൻ ലഭ്യമാക്കുന്നത്.