ഡോളർ കടത്ത് കേസ്; യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി: ഡോളര്‍ കടത്തുകേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വടക്കഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത യൂണിടാകിന്‍റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ്.

ലൈഫ് മിഷന്‍ കരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് വൻ തുക കമ്മീഷൻ നൽകിയിരുന്നു.  ഈ തുക സന്തോഷ് ഈപ്പൻ ഡോളര്‍ ആക്കി മാറ്റിയാണ് കൈമാറിയതെന്നാണ് കസ്റ്റംസ് കണ്ടെൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

കേസിലെ മറ്റു പ്രതികള്‍ സ്വപ്‌ന, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കര്‍ ഈ കേസിലെ നാലാം പ്രതിയാണ്.

നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന്‍ ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്. കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്.