ബംഗാളിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സി.പി.എം സമരം: പൊലീസ് മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ ഒരു മരണം.  മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായ തൊഴിലില്ലായ്മയിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചാണ് സിപിഎം പ്രക്ഷോഭം നടത്തുന്നത്. ഇതിനിടയിലാണ് മാര്‍ച്ചില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരിച്ചത്. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ ഇന്ന് 12 മണിക്കൂർ ഹർത്താൽ ആചരിക്കുകയാണ്. രാവില 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മൈദുല്‍ അലി മിദ്ദയാണ് മരിച്ചത്. മൈദുലിന്‍റെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇടത് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം മൈദുലിന്‍റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

മമതാ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊൽക്കത്തയിൽ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. നിരവധി പേർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തിൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസിനെയും എതിർക്കുന്ന സിപിഎം ബംഗാളിൽ കോൺഗ്രസിനൊപ്പം ചേർന്നാണ് മമതയ്ക്കെതിരെ സമരം നടത്തുന്നത്.